മനുഷ്യൻ കുടുംബം എന്നുള്ള നിലയിലും അതിനുശേഷം സമൂഹം എന്ന നിലയിലും രൂപാന്തരങ്ങൾ പ്രാപിച്ച് വിവിധ കാലങ്ങളിൽ കലഹിച്ചും തമ്മിൽ തല്ലിയും രാഷ്ട്രങ്ങളും സാമ്രാജ്യങ്ങളും ആയി തീർന്നതോടുകൂടി അധികാരം എന്നത് ഒരാവശ്യമായി വന്നു. ഓരോ ജനവിഭാഗങ്ങളും അവർക്ക് അനുയോജ്യമായതോ അർഹതപ്പെട്ടതോ നേടിയെടുത്തതോ ആയ വിവിധ തരത്തിലുള്ള അധികാരങ്ങളെ പലവിധ ഇസങ്ങളുടേയും പിൻബലത്തിൽ നിലനിർത്തി പോരുന്നതിനായി സംഘടിതമായ ഒരു സേനയെ വാർത്തെടുത്തു. ഇന്നത്തെ സൈന്യത്തിന്റെയും പൊലീസിന്റെയും പ്രാക് രൂപം അതായിരുന്നു. എന്തു തന്നെയായാലും എതിർ സ്വരങ്ങളെ അടിച്ചമർത്തുന്നതിനുള്ള ഒരു ഉപകരണമായിരുന്നു പോലീസ് എന്ന ഇന്നു നമ്മൾ വിവക്ഷിക്കുന്ന സേനയുടെ ആദ്യരൂപം. കാലക്രമത്തിൽ പോർച്ചുഗീസുകാരുടെയും. ഡച്ചുകാരുടെയും , ഫ്രഞ്ചുകാരുടെയും ഇംഗ്ലീഷുകാരുടെയും നിയന്ത്രണത്തിൽ രാജ്യങ്ങൾ ഉൾപ്പെടുന്ന സാമ്രാജ്യങ്ങൾ ഉദയം ചെയ്തു . ഇവിടെയൊക്കെ തന്നെ അടിച്ചമർത്തലുകൾക്കായി വിവിധ രീതികൾ അവലംബിക്കുന്ന മർദ്ദന സംവിധാനങ്ങൾ അഥവാ പോലീസ് നിലവിൽ വന്നു.
ഗ്രീക്കു ഭാഷയിലെ ‘’നഗരം’’ എന്നർത്ഥം വരുന്ന ‘’പോളിസ്’’ എന്ന വാക്കിൽ നിന്നും ഉരുത്തിരിഞ്ഞ ‘’പോലിഷ്യാ ‘’(സിവിൽ അഡ്മിനിസ്റ്റ്റേഷൻ) എന്ന ലാറ്റിൻ പദത്തിൽ നിന്നുമാണ് ഫ്രഞ്ച് ഭാഷ വഴി പോലീസ് എന്ന വാക്കുണ്ടായത് .ആദ്യ പോലീസ് സേനയുടെ രൂപവത്കരണം 1667-ൽ ഫ്രാൻസിലെ രാജാവായ ലൂയി പതിന്നാലാമന്റെ കാലത്തായിരുന്നുവെങ്കിലും ഇന്നത്തെ നിലയ്ക്കുള്ള സേനാരൂപവത്കരണം 1800കളിൽ സ്ഥാപിതമായ ലണ്ടൻ മറൈൻ പോലീസ്, ഗ്ലാസ്ഗോ പോലീസ്, ഫ്രാൻസിലെ നെപ്പോളിയന്റെ പോലീസ് സംവിധാനം എന്നിവയോട് കൂടിയാണ് ഉണ്ടായത്.
സ്വാതന്ത്ര്യലബ്ധിക്കു മുൻപ് പോർച്ചുഗീസുകാരുടെയും. ഡച്ചുകാര്യടെയും , ഫ്രഞ്ചുകാരുടെയും ഇംഗ്ലീഷുകാരുടെയും ഭരണസംവിധാനങ്ങളുടെ കീഴില്‍ മേല്‍പ്പറഞ്ഞ പോലീസ് സംവിധാനം ഇന്ത്യയിലും വിശിഷ്യാ കേരളത്തിലും കടന്നെത്തി . തിരുവിതാംകൂറിൽ ദിവാൻ ഉമ്മിണിത്തമ്പിയും റസിഡന്റ് കേണൽ മൺറോയും പോലീസ് സേനയെ രൂപീകരിക്കുന്നതിൽ കാര്യമായ പങ്കു വഹിച്ചു. 1881-ൽ ദിവാനായിരുന്ന രായ്യങ്കാരാണ് പോലീസ് സേനയെ നിയമവകുപ്പിൽ നിന്ന് അടർത്തി പകരം സ്വന്തമായ ഒരു പോലീസ് സൂപ്രണ്ടിനെ അധികാരപ്പെടുത്തിയത്. വിവിധ കാലങ്ങളില്‍ കൊച്ചി മലബാര്‍ മേഖലകളിലും ഈ സംവിധാനം നിലവില്‍വന്നു. മലബാറില്‍ 1921 ലെ ലഹള അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി ബ്രിട്ടീഷ് അധികാരികള്‍ സംഘടിതമായ പോലീസിന്റെ ആദ്യ യൂനിറ്റ് എം.എസ്.പി (മലബാര്‍ സ്പെഷ്യല്‍ പോലീസ്) സ്ഥാപിച്ചു. 1956 നവംബർ 1 കേരളപ്പിറവി ദിനത്തിലാണ് ഇന്ന് കാണുന്ന രീതിയിൽ ഉള്ള കേരള പോലീസ് രൂപീകൃതമായത്. കാലാ കാലങ്ങളില്‍ പോലീസിന്റെ രൂപത്തിലും ഭാവത്തിലും ഭരണാധികാരികള്‍ മാറ്റങ്ങള്‍ കൊണ്ട് വരുകയും ഇന്നു കാണുന്ന ആധുനിക പോലീസിന്റെ തലത്തിലേക്ക് പോലീസിനെ എത്തിക്കുകയും ചെയ്തു 1984 വരെ നിക്കര്‍ പോലീസ് എന്ന് അറിയപ്പെട്ടിരുന്ന പോലീസിന്റെ യൂണിഫോം പരിഷ്കരിച്ച് പാന്റിലേക്ക് കേരള പോലീസ് മാറുകയുണ്ടായി. 2022 ല്‍ എത്തി നില്‍ക്കുമ്പോള്‍ പരിഷ്കൃത ലോകത്തിന് സമാനമായ പോലീസിംഗ് സംവിധാനം കുറ്റമറ്റ രീതിയില്‍ കേരളത്തില്‍ പ്രവര്‍ത്തിപദത്തില്‍ എത്തിയോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നാകും മിക്കവരുടെയും ഉത്തരം. പരിമിതികള്‍ ഒരുപാട് ഉണ്ടെങ്കിലും അതിനെ അതിജീവിച്ച് പരിഷ്കൃതമാകാനും സ്വയം ശുദ്ധീകരിച്ച് ആധുനിക സമൂഹത്തിന് ഇണങ്ങുന്ന രീതിയില്‍ സ്വയം മാറാനും കേരള പോലീസ് ശ്രമിക്കുന്നുണ്ട്. പുഴുക്കുത്തുകള്‍ ഏതൊരു വ്യവസ്ഥിതിയുടെയും ഭാഗമാണ്, എന്നാല്‍ ആ ഒരു ചെറിയ കാര്യം മാത്രം പര്‍വ്വതീകരിച്ച് ഒരു സംവിധാനത്തെ ആകെ മോശമായി ചിത്രീകരിക്കുന്നതിനാല്‍ എന്ത് നന്മകള്‍ പ്രവര്‍ത്തിച്ചാലും പോലീസ് എന്നത് മോശമായ ഒരു സംവിധാനമായി പൊതു ജനങ്ങളും മാധ്യമങ്ങളും അറിഞ്ഞോ അറിയാതെയോ ചിത്രീകരിച്ചാലും തങ്ങളില്‍ അര്‍പ്പിതമായിരിക്കുന്ന കര്‍ത്തവ്യങ്ങളില്‍ വിശിഷ്യാ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന് ഏതറ്റം വരെയും പോകുന്നതിന് ഇന്നും പോലീസ് പ്രതിജ്ഞാ ബദ്ധമായി നിലകൊള്ളുന്നു എന്നത് അഭിമാനാര്‍ഹമാണ്. കാലാ കാലങ്ങളില്‍ അവതരിപ്പിക്കുന്ന വിവിധ പദ്ധതികളിലൂടെ മേല്‍പ്പറഞ്ഞ ഉദ്ദേശ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് പ്രതിഫലേച്ഛ ഇല്ലാതെ വിമര്‍ശനങ്ങളെ ഉള്‍ക്കൊണ്ട് കൊണ്ട് പോലീസ് സംവിധാനം അഹോരാത്രം പ്രവര്‍ത്തിയെടുക്കുന്നു.
കമ്മ്യൂണിറ്റി പോലീസ്
'കമ്മ്യൂണിറ്റി പോലീസ് എന്നത് ഒരു പുതിയ പോലീസ് വിഭാഗമോ പോലീസ് ജോലി സ്വയം ചെയ്യുന്ന ഒരു പ്രാദേശിക കൂട്ടായ്മയോ അല്ല. പരമ്പരാഗത പോലീസ് ശൈലിയിൽ നിന്ന് വ്യത്യസ്തമായി കമ്മ്യൂണിറ്റി'യുടെ സഹകരണം തേടി, ആവശ്യങ്ങൾ അറിഞ്ഞ്, സുരക്ഷയുടെ പ്രാധാന്യം മനസ്സിലാക്കി, സൗകര്യങ്ങൾ കാര്യശേഷിയും വിഭവശേഷിയും പ്രത്യേക പ്രശ്നങ്ങളും അധിഷ്ഠിതമാക്കി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം ക്രമപ്പെടുത്തുന്ന ഒരു രീതിയാണ് കമ്മ്യൂണിറ്റി പോലീസ് എന്നതുകൊണ്ട് വിഭാവനം ചെയ്യുന്നത്.
കൂട്ട്
സൈബർ ലോകത്ത് വർദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങൾക്കെതിരെ കുട്ടികളെ സജ്ജരാക്കുവാനായി കേരള പോലീസ്, ബച്പൻ ബച്ചാവോ ആന്തോളൻ സംഘടനുമായി കൈകോർത്ത് കേരളത്തിൽ നടപ്പിലാക്കുന്ന സമഗ്ര ബോധവൽക്കരണ നിയമസഹായ പദ്ധതിയാണ് കൂട്ട്. കുട്ടികളിൽ സുരക്ഷിതമായ ഓൺലൈൻ ഉപയോഗം ഉറപ്പുവരുത്തുവാനായി , ഈ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ കേരളത്തിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് ആധുനിക വിവര സാങ്കേതിക വിദ്യകളിലൂടെ ബോധവൽക്കരണം നടത്തി ഓൺലൈൻ കുറ്റകൃത്യങ്ങളെക്കുറിച്ചും അവ ഒഴിവാക്കേണ്ട രീതികളെക്കുറിച്ചും പഠിപ്പിക്കുന്നു. പദ്ധതിയുടെ രണ്ടാം ഘട്ടമായി പി-ഹണ്ട് ഓപ്പറേഷനുകളിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടികൾക്കെതിരെയുളള ഓൺലൈൻ കുറ്റകൃത്യങ്ങൾ കൂടിയ ജില്ലകളിൽ കൗൺസിലിംങ്ങ് സെന്റെറുകൾ, നിയമസഹായ കേന്ദ്രങ്ങൾ എന്നിവ സ്ഥാപിക്കുന്നു. അതതു ജില്ലകളിലെ ജില്ലാ പോലീസുമായി സഹകരിച്ച് ബച്പൻ ബച്ചാവോ ആന്തോളൻ സ്ഥാപിക്കുന്ന കൗൺസിലിങ്ങ് സെന്റെറുകളിലൂടെ കുറ്റകൃത്യങ്ങൾക്കിരയായ കുട്ടികൾക്ക് മാനസ്സികമായ പിന്തുണ നൽകി കുറ്റവാളികൾക്കെതിരെ പോരാടാനുള്ള നിയമ സഹായം ഉറപ്പുവരുത്തുന്നു.
‘ചിരി’
കുട്ടികളിലെ മാനസികസമ്മര്‍ദ്ദം ലഘൂകരിക്കാനായി പോലീസ് ആരംഭിച്ച പദ്ധതിയാണ് ചിരി. ഈ കോള്‍ സെന്‍ററിലേയ്ക്ക് ഇതുവരെ വിളിച്ചത് 2500 ലധികം പേരാണ്. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് വീട്ടിൽ തുടരാൻ നിർബന്ധിതരായ കുട്ടികള്‍ക്ക് ആശ്വാസം പകരുന്നതിനായാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ചിരിയുടെ 9497900200 എന്ന ഹെല്‍പ് ലൈന്‍ നമ്പരിലേക്ക് കുട്ടികള്‍ മാത്രമല്ല അധ്യാപകരും മാതാപിതാക്കളും കുട്ടികളുടെ പ്രശ്നങ്ങളുമായി വിളിക്കുന്നു.
ഓണ്‍ലൈന്‍ പഠനത്തിന്‍റെ ബുദ്ധിമുട്ടുകള്‍, കൂട്ടുകാരെ കാണാനും സംസാരിക്കാനും കളിക്കാനും കഴിയാത്തതിന്‍റെ വിഷമം, കുടുംബവഴക്ക്, പഠനോപകരണങ്ങളുടെ ലഭ്യതക്കുറവ് എന്നിവയാണ് പ്രധാനമായും കുട്ടികള്‍ ചിരിയുടെ കോള്‍ സെന്‍ററുമായി പങ്ക് വയ്ക്കുന്നത്. മൊബൈല്‍ ഫോണിന്‍റെ അമിതമായ ഉപയോഗം, കുട്ടികളുടെ ആത്മഹത്യാഭീഷണി എന്നിവയ്ക്ക് പരിഹാരം തേടിയായിരുന്നു മാതാപിതാക്കളുടെ കോളുകളില്‍ അധികവും. ഗുരുതരമായ മാനസികപ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി വിളിച്ചവരും ഇക്കൂട്ടത്തിലുണ്ട്. അവര്‍ക്ക് ചിരി കോള്‍ സെന്‍ററില്‍ നിന്ന് അടിയന്തിരമായി പരിചയ സമ്പന്നരായ മന:ശാസ്ത്ര വിദഗ്ദ്ധരുടെ സേവനവും ലഭ്യമാക്കി.
മാനസികപ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന കുട്ടികള്‍ക്ക് കുട്ടികള്‍ തന്നെ ടെലിഫോണിലൂടെ കൗണ്‍സലിംഗും നല്‍കുന്നുണ്ട്. മുതിര്‍ന്ന സ്റ്റുഡന്‍റ്സ് പോലീസ് കേഡറ്റുകള്‍, ഔര്‍ റെസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിയില്‍ അംഗങ്ങളായ കുട്ടികള്‍ എന്നിവരില്‍ നിന്ന് തിരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നല്‍കിയ 300 ഓളം കുട്ടികളാണ് ചിരി പദ്ധതിയിലെ വോളന്‍റിയര്‍മാര്‍. സേവന തല്‍പരരും പരിചയ സമ്പന്നരുമായ മാനസികാരോഗ്യവിദഗ്ദ്ധര്‍, മന:ശാസ്ത്രജ്ഞര്‍, അധ്യാപകര്‍ എന്നിവരുള്‍പ്പെടുന്ന വിദഗ്ദ്ധസമിതി ഇവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിവരുന്നു. എല്ലാ ജില്ലകളിലെയും അഡീഷണല്‍ എസ്.പിമാരും സ്റ്റുഡന്‍റ് പോലീസ് കേഡറ്റിന്‍റെ ചുമതലയുളള ഡിവൈ.എസ്.പിമാരുമാണ് ചിരി പദ്ധതിയുടെ ഏകോപനം നിര്‍വ്വഹിക്കുന്നത്.
ഹോപ് പദ്ധതി
പഠനം പാതിവഴിയിൽ ഉപേക്ഷിച്ചവരെയും എസ്എസ്എൽസി തോറ്റവരെയും വീണ്ടും പുസ്തകങ്ങൾക്കു മുൻപിലെത്തിക്കാൻ 2017ലാണ് കേരള പൊലീസിന്റെ ഹോപ് പദ്ധതി ആരംഭിക്കുന്നത്. ആലപ്പുഴ, എറണാകുളം, കോട്ടയം എന്നീ ജില്ലകളിലായി 100 കുട്ടികളുമായായിരുന്നു തുടക്കം. ആ വർഷം 74 കുട്ടികളെ പരീക്ഷയിൽ വിജയിപ്പിക്കാനായി. ജില്ലയിൽ 27 വിദ്യാർഥികളിൽ 23 പേരാണ് ആ വർഷം പരീക്ഷ പാസായത്. സ്കൂളിൽ നിന്നാണ് ആദ്യ വിവരശേഖരണം ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, അവർ റെസ്പോൻസിബിലിറ്റി ടു ചിൽഡ്രൻ' (ഒആർസി), ചൈൽഡ് ലൈൻ പ്രവർത്തകർ തുടങ്ങിയവർ വഴിയും വിദ്യാർഥികളെ കണ്ടെത്തും. വേണ്ട മാർഗ നിർദേശങ്ങൾ നൽകാനും കൗൺസിലിങ്ങിനും വിദഗ്ധർക്കൊപ്പം ജനമൈത്രി ഓഫിസർമാർ, ചിരി ഹെൽപ് ലൈൻ പ്രവർത്തകർ തുടങ്ങിയവരുണ്ടാകും. വൊളന്റിയർ ഏജൻസികളും വൊളന്റിയർ ഗ്രൂപ്പ് പ്രവർത്തകരും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.
തുണ - സിറ്റിസൺ പോർട്ടൽ
CCTNS പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങള്ക്ക്
പോലീസ് സ്റ്റേഷനുകളിലേക്കും മറ്റിതര പോലീസ് ഓഫീസുകളുമായും ബന്ധപ്പെടുന്നതിന് കേരള
പോലീസ് തയ്യാറാക്കിയ സിറ്റിസണ്‍ പോര്ട്ടലാണ്
‘’തുണ’’. പ്രസ്തുത പോര്ട്ടല്‍ വഴി
പൊതുജനങ്ങള്ക്ക്
പോലീസ് സ്റ്റേഷനുകളിലേക്ക് പോകാതെ തന്നെ ഇന്റര്നെറ്റ്
മുഖേന പരാതികളും മറ്റ് അപേക്ഷകളും പോലീസ് സ്റ്റേഷന്‍/ഓഫീസുകളില്‍ സമര്പ്പിക്കുകയും
മറുപടി സ്വീകരിക്കുകയുംചെയ്യാവുന്നതാണ്.
പിങ്ക് പ്രൊട്ടക്ഷൻ പ്രോജക്ട്
അടുത്തകാലത്തായി, സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ, പ്രത്യേകിച്ച് സ്ത്രീധനപീഢനം/ ദാമ്പത്യപ്രശ്നങ്ങൾ, ഓൺലൈൻ ദുരുപയോഗം, ഭീഷണി, പീഢനം, ബലാൽസംഗം എന്നിവ വൻതോതിൽ വർദ്ധിച്ച് വരുന്നതായി കാണുന്നു. അതിനാൽ, ഇത്തരം കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും, നിലവിലുള്ള സ്ത്രീ സൗഹൃദ പദ്ധതികൾക്ക് പുതുജീവൻ പകരുന്നതിനും സമഗ്രമായ ഒരു പദ്ധതിക്ക് രൂപം നൽകേണ്ടത് അത്യന്താപേക്ഷിതമായിത്തീർന്നിരിക്കുന്നു. ഇതിനായി പിങ്ക് പ്രൊട്ടക്ഷൻ പ്രോജക്ട് (പൊതു, സ്വകാര്യം, ഡിജിറ്റൽ ഇടങ്ങളിൽ സ്ത്രീകളുടെ സംരക്ഷണം) എന്ന പേരിൽ, ഒരു പ്രത്യേക പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നു.
വനിതാസെല്ലുകളും, കൗൺസലിംഗ് കേന്ദ്രങ്ങളും
എല്ലാ പോലീസ് ജില്ലകളിലും, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ, കുടുംബപ്രശ്നങ്ങൾ എന്നിവ കൈകാര്യം ചെയ്യപ്പെടുന്നു എന്നത് ഉറപ്പുവരുത്തുവാനായി, വനിതാ സെല്ലുകളിൽ നിന്നോ, സാമൂഹ്യക്ഷേമ വകുപ്പിൽ നിന്നോ മറ്റ് ഏതെങ്കിലും പ്രമുഖ സർക്കാരിതര സംഘടനകളിൽ നിന്നോ ഉള്ള കൗൺസിലർമാരുടെ സേവനം പ്രയോജനപ്പെടുത്തിക്കൊണ്ട്, പോലീസ് മേധാവിമാരുടെ കീഴില്‍ കൗൺസിലിംഗ് കേന്ദ്രങ്ങൾ പ്രവർത്തന സജ്ജമാണ് .
ഡിജിറ്റൽ ആപ്പ്/പോള്‍ -ആപ്പ്
ആപത്തിലകപ്പെട്ടു പോകുന്ന സ്ത്രീകൾക്ക്, സഹായമഭ്യർത്ഥിക്കുന്നതിന് എമർജൻസി ബട്ടൺ സൗകര്യം ഉള്ള 'നിർഭയം' എന്ന ആപ്പ് കേരള പോലീസ് ഇതിനോടകം തന്നെ ആവിഷ്ക്കരിച്ചിട്ടുണ്ട്. ഈ സൗകര്യങ്ങളെല്ലാം ഉൾക്കൊള്ളുന്ന കേരളാ പോലീസിന്റെ സംയോജിത ആപ്പാണ് പോള്‍-ആപ്പ്. ഈ ആപ്പുകൾ ഡൗൺലോഡ് ചെയ്യുവാനും, അടിയന്തിര സാഹചര്യങ്ങളിൽ സഹായമഭ്യർത്ഥിക്കുവാനുമായി ഇത്തരം ആപ്പുകൾ ഉപയോഗിക്കുവാനും സ്ത്രീകളെ പ്രോത്സാഹിപ്പിക്കേണ്ടതാണ്.
0 Comments